ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
എറണാകുളം ജില്ലയില്‍ കോതമംഗലം താലൂക്കിലെ കോതമംഗലം ബ്ളോക്കില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്താണ് പിണ്ടിമന. പിണ്ടിമന, തൃക്കാരിയൂര്‍ വില്ലേജുപരിധിയിലുള്ള പിണ്ടിമന ഗ്രാമപഞ്ചായത്തിന് 25.77 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് കോട്ടപ്പടി, വേങ്ങൂര്‍, കുട്ടമ്പുഴ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് കീരംപാറ പഞ്ചായത്തും, തെക്കുഭാഗത്ത് കോതമംഗലം നഗരസഭയും, നെല്ലിക്കുഴി പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് കോട്ടപ്പടി പഞ്ചായത്തുമാണ്. നെല്‍പ്പാടങ്ങളും സമതലവും, തെക്കോട്ട് ചെരിഞ്ഞ ചെറിയ കുന്നുകള്‍ നിറഞ്ഞതും ഇടനാട് ഭൂപ്രകൃതി മേഖലയില്‍ ഉള്‍പ്പെടുന്നതുമായ പഞ്ചായത്താണ് പിണ്ടിമന. കുന്നിന് ചെരിവുകളുള്ളതിനാല് റബ്ബര്‍, തെങ്ങ്, കമുക്, കുരുമുളക്, കശുമാവ് എന്നീ നാണ്യവിളകളാണ് ഇവിടുത്തെ പ്രധാന കൃഷി. പൈനാപ്പിള്‍, കൊക്കോ, ഇഞ്ചി, മഞ്ഞള്‍, വാഴ, മരച്ചീനി, ജാതി, വാനില, പച്ചക്കറികള്‍ എന്നിവയും ഇതോടൊപ്പം തന്നെ കൃഷി ചെയ്തുപോരുന്നു. കേരളത്തിലെ വലിയ നദികളിലൊന്നായ പെരിയാറാണ് ഈ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സ്. 1962 ജനുവരി ഒന്നാം തിയതി കീരംപാറ പഞ്ചായത്തിന്റെയും കോട്ടപ്പടി പഞ്ചായത്തിന്റേയും ചില ഭൂപ്രദേശങ്ങള്‍ കൂട്ടിചേര്‍ത്താണ് പിണ്ടിമന ഗ്രാമപഞ്ചായത്ത് രൂപീകരിച്ചത്. ചെമ്മീന്‍കുത്ത് ആയിരുന്നു ആരംഭകാലത്ത് പഞ്ചായത്ത് ആസ്ഥാനം. എം.ഐ മാര്‍ക്കോസ് ആയിരുന്നു ആദ്യപ്രസിഡന്റ്. ഭൂതത്താന്‍ കെട്ട് വിനോദസഞ്ചാരകേന്ദ്രം പിണ്ടിമന പഞ്ചായത്തിലാണ് സ്ഥിതിചെയ്യുന്നത്. ഭൂതത്താന്‍ കെട്ട് പാര്‍ക്കും ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ്. പിണ്ടിമന പഞ്ചായത്തില്‍ സാമാന്യം മെച്ചപ്പെട്ട റോഡു ശൃംഖലയുണ്ട്. സമതലം, ചെറിയകുന്ന്, താഴ്ന്നപ്രദേശം എന്നിങ്ങനെ ഇവിടുത്തെ ഭൂപ്രകൃതിയെ തരംതിരിക്കാം.